
കണ്ണൂർ : എഡിഎം നവീൻ കുമാറിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനരോഷം ഭയന്നാണ് രാജി. അതു കൊണ്ട് കാര്യമില്ലെന്നുംം സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ? എന്നും സതീശൻ ചോദിച്ചു.
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ 3 ദിവസത്തിന് ശേഷമാണ് സിപിഎം നടപടി സ്വീകരിച്ചത്. ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യ ഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഒടുവിൽ വലിയ വിമർശനം നേരിട്ടതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രാജിയെന്നാണ് വിവരം. 3 ദിവസവും പ്രതികരിക്കാതിരുന്ന ദിവ്യ സിപിഎം നടപടിക്ക് പിന്നാലെ പ്രതികരിച്ചതും പാർട്ടി നിർദേശ പ്രകാരമാണ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. തീരുമാനം വൈകിക്കരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ട് മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നു. ദിവ്യക്കെതിരെ നടപടിയെടുത്തു. പകരം അധ്യക്ഷയായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam