യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ എല്‍ഡിഎഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുന്നു: വിഡി സതീശൻ

Published : Jun 22, 2023, 03:12 PM ISTUpdated : Jun 22, 2023, 03:27 PM IST
യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ എല്‍ഡിഎഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുന്നു: വിഡി സതീശൻ

Synopsis

സി.പി.എം നേതാക്കളുടെ അറിവോടെയാണ് സൈബര്‍ വെട്ടുക്കിളി കൂട്ടം ഘടകകക്ഷി നേതാവിനെ ആക്രമിക്കുന്നത്. സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്കെതിരെയും മറ്റൊരു ഘടകകക്ഷിയായ സി.പി.ഐയും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്

എറണാകുളം: എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്‍റെ  ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് എല്‍.എഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണമാരംഭിച്ചത്.

ദേശാഭിമാനി പത്രത്തിന്‍റെ  താക്കോല്‍ സ്ഥാനത്തിരിക്കുന്ന ആള്‍ മുതലുള്ള സി.പി.എം നേതാക്കളാണ് ശ്രേയാംസ് കുമാറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ  പേരില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സി.പി.എം നേതാക്കളുടെ അറിവോടെയാണ് സൈബര്‍ വെട്ടുക്കിളി കൂട്ടം ഘടകകക്ഷി നേതാവിനെ ആക്രമിക്കുന്നത്. സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്കെതിരെയും മറ്റൊരു ഘടകകക്ഷിയായ സിപിഐയും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.

സി.പി.ഐ മുഖപത്രമായ ജനയുഗവും എസ്.എഫ്.ഐക്കും സി.പി.എമ്മിനുമെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്ക് മേല്‍ പൊലീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ശ്രേയാംസ് കുമാര്‍ വെളിപ്പെടുത്തിയത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുന്ന വിചിത്രമായ കാഴ്ചയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

ശ്രേയാംസ് കുമാറിന്‍റെ  ഗുരുതരമായ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണ്? ഉന്നത ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാന്‍ മാതൃഭൂമി ന്യൂസിന്‍റെ  റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 

തന്‍റെ  പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ ആലപ്പുഴയിലെ കെ.എസ്.യു നേതാവ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷണം നടത്തിയില്ല. അതേസമയം ആര്‍ഷോ നല്‍കിയ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ അന്വേഷണം ആരംഭിക്കുകയും മാധ്യമ പ്രവര്‍ത്തകയെയും കെ.എസ്.യു നേതാക്കളെയും പ്രതികളാക്കി. കേരളത്തിലെ പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കയ്യും കാലുംകെട്ടി ലോക്കപ്പില്‍ ഇട്ടിരിക്കുകയാണ്. പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പറ്റാത്ത അവസ്ഥയിലാണ് പൊലീസ്. 

കെ.എസ്.യു നേതാവ് ജോലിക്ക് വേണ്ടിയോ സര്‍വകലാശാലയിലോ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. മുത്തൂറ്റില്‍ ഹാജരാക്കിയെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കളക്ഷന്‍ ഏജന്റായി ജോലി ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് മുത്തൂറ്റും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടിയതെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിയാണ് പറയേണ്ടത്.

Read more:  കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും: വിഡി സതീശൻ

വ്യാജ സര്‍ട്ടിഫിക്കറ്റിനെതിരെ കെ.എസ്.യു നേതാവ് പരാതി നല്‍കിയിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. അയാള്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല. അച്ഛന് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് കുടുംബം പോറ്റാനാണ് കെ.എസ്.യു നേതാവായിരിക്കെ കളക്ഷന്‍ ഏജന്റായത്. ഇപ്പോള്‍ ചായക്കട നടത്തി ജീവിക്കുന്ന പയ്യനെ കുറിച്ചാണ് പറയുന്നത്. ദേശാഭിമാനി വാര്‍ത്ത കണ്ടിട്ടാണ് കേസെടുക്കാന്‍ പറഞ്ഞതെന്ന് വി.സി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ. എവിടെ നിന്ന് കിട്ടിയെന്ന് ദേശാഭിമാനി പറഞ്ഞാലെ പൊലീസിന് അന്വേഷിക്കാന്‍ സാധിക്കൂ. അന്വേഷണം നടക്കുന്ന കേസില്‍ ഞങ്ങള്‍ ആരെയും പ്രതിരോധിക്കാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ