
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസുകാർ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ലെന്ന് വിഡി സതീശൻ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉചജാപകസംഘമാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രിയാണ്. പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു. സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ ഓര്‍ക്കണം. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യത തകര്‍ന്നു. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam