
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തിൽ മൗനം പാലിച്ച് പി ആർ ഏജൻസി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിനിടെ പി ആർ ഏജൻസി സിഇഒ വിനീത് ഹൻഡ മുറിയിലേക്ക് ഇടിച്ചു കയറിയത് ആണെന്ന ആരോപണത്തിലും ഏജൻസിക്ക് മറുപടിയില്ല. അതേസമയം ദ ഹിന്ദുവിനെ അഭിമുഖത്തിന് നേരിട്ട് വിളിച്ചത് കെയ്സൻ സിഇഒ വിനീത് ഹൻഡ തന്നെയെന്ന് സ്ഥിരീകരണം. നാല് മാസം മുമ്പ് മാധ്യമങ്ങളെ എന്തിന് വിളിച്ചു എന്നത് ദുരൂഹമാണ്. പല മാധ്യമങ്ങളെയും കേരളത്തിൽ കൊണ്ടുപോകാമെന്നും കെയ്സൻ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ആലപ്പുഴയിലെ സിപിഎം നേതാവ് ടി. കെ ദേവകുമാറിന്‍റെ മകൻ ടി.ഡി സുബ്രഹ്മണ്യൻ മാത്രം അറിഞ്ഞാണ് അഭിമുഖം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അങ്ങിനെയെങ്കിൽ, പി ആർ ഏജൻസി നാലു മാസം മുമ്പ് ഇതേ കാര്യവുമായി മാധ്യമങ്ങളെ ബന്ധപ്പെട്ടത് എന്തിന് എന്നതിൽ ദുരൂഹത തുടരുകയാണ്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നിൽ സുബ്രഹ്മണ്യൻ ഒറ്റക്കല്ലെന്നാണ് പി ആർ ഏജൻസി വൃത്തങ്ങൾ പറയുന്നത്.
ഇന്‍റർവ്യൂ നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കൂടി നിർദ്ദേശപ്രകാരമാണെന്നും കേന്ദ്ര കമ്മറ്റിയിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തുമ്പോൾ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാമെന്നത് നേരത്തെയെടുത്ത തീരുമാനമാണെന്നുമാണ് റിപ്പോർട്ട്. കൂടുതൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാൻ താൽപര്യമറിയിച്ചിരുന്നതായും ഏജൻസി വൃത്തങ്ങൾ പറയുന്നു. എന്തായാലും പി.വി അൻവറിന് പിന്നാലെ പിആർവിവാദം കൂടി ആയതോടെ കനത്ത പ്രതിരോധത്തിലാണ് സർക്കാരും സിപിഎമ്മും.
Read More : ഇറാന്‍റെയും ഇസ്രയേലിന്‍റേയും പോരിൽ ഇന്ത്യക്കും ആധി; ഇന്ധന വില കുത്തനെ ഉയരും, സാമ്പത്തിക രംഗത്ത് ആശങ്ക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam