
തൃശ്ശൂർ: ഡോ. ഹാരിസ് ചിറക്കലിനുമേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ പോലും പ്രതിപക്ഷം സമ്മതിക്കില്ലെന്ന് വിഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമം നടത്തിയത്. ഇതിൽ നിന്നും ഇപ്പോൾ മന്ത്രി പിന്മാറിയെന്നാണ് അറിയുന്നത്. ആരോഗ്യമന്ത്രി വാശിക്കാരിയാണ്. ഹാരിസ് വിഷയത്തിൽ മന്ത്രി നാല് തവണ നിലപാട് മാറ്റി. പലതവണ നിലപാട് മാറ്റിയ മന്ത്രി ഇനിയും മാറ്റുമോ എന്ന് സംശയമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും നിലനിർത്താനുള്ള പോരാട്ടത്തിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് കൊണ്ടും ഭീഷണി കൊണ്ടും അതിനെ തടയാൻ മോദി സർക്കാറിന് കഴിയില്ല. ലോക ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സമരമാണിതെന്നും വിഡി സതീശൻ പറഞ്ഞു.
തൃശ്ശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തിട്ടുണ്ട്. അതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരും. ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ പദ്ധതി കേരളത്തിൽ തൃശ്ശൂരിൽ നടപ്പിലാക്കിയിട്ടുണ്ട്. കോൺഗ്രസ് മാത്രമല്ല എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ജാഗ്രത കാണിക്കണം. പ്രധാന രാഷ്ട്രീയ പാർട്ടികൾ വിചാരിച്ചാൽ കേരളത്തിൽ ഇത് നടപ്പാക്കാതിരിക്കാൻ കഴിയും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക പുറത്തു വന്നാൽ കൃത്യമായി പരിശോധിക്കും. ഇതിനായി പരിശോധനാ വാരം തന്നെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.