
തിരുവനന്തപുരം: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കിയ സ്പീക്കറുടെ നടപടിയടക്കം രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടിയെന്ന ചോദ്യമുയർത്തിയ സതീശൻ, ഫണ്ട് വെട്ടിപ്പിൽ സി പി എം പ്രതിരോധത്തിലാണെന്നും മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.
സിപിഎം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ സ്പീക്കർ ചർച്ച നിഷേധിക്കുന്നു. സി പി എം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ ചർച്ച വേണ്ടെന്നാണ് സ്പീക്കർ നിലപാട്. മുഖ്യമന്ത്രിക്ക് ഇതിൽ മറുപടി പറയാൻ കഴിയില്ല. സിപിഎം പ്രതിരോധത്തിലാണ്. മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ആണ് സ്പീക്കർ അനുമതി നിഷേധിച്ചത്. സ്പീക്കർ കാണിച്ചത് അനീതിയാണ്. രക്തസാക്ഷി ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം. വിവരം പുറത്ത് വിട്ട വി കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പയ്യന്നൂരിലെ ധനരാജ് ഫണ്ട് തട്ടിപ്പിൽ സർക്കാർ നിയമസഭയിൽ ചർച്ചക്ക് തയ്യാറായില്ല. ഫണ്ട് തട്ടിപ്പിൽ ടിഐ മധുസൂദനന്റെ രാജിയാവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ചിനെതിരായ സിപിഎം അക്രമത്തിലെ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. രാഷ്ട്രീയ കേരളം ഏറ്റെടുത്ത ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള വി കുഞ്ഞിക്കൃഷ്ണൻറെ ഫണ്ട് തട്ടൽ വെളിപ്പെടുത്തലായിരുന്നു പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയ നോട്ടീസിനാധാരം. കണക്ക് പുറത്തുപറയില്ലെന്ന പാർട്ടി നിലപാടിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ സുതാര്യത ഉറപ്പാക്കാൻ സഭയിൽ ചർച്ച ചെയ്യുമോ എന്നായിരുന്നു ആകാംക്ഷ. എന്നാൽ ഏത് നോട്ടീസും ചർച്ചക്കെടുക്കുന്ന ഭരണപക്ഷത്തിൻറെ സമീപകാല രീതി ഫണ്ട് തിരിമറിയിലുണ്ടായില്ല. ഒന്നും പൊതുജനം അറിയേണ്ട, പാർട്ടിക്കാര്യമെന്ന നിലപാടാണ് സിപിഎം സഭയിലും സ്വീകരിച്ചത്. പ്രതിരോധത്തിലായ സിപിഎമ്മിനെ സ്പീക്കർ രക്ഷിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam