
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരണപ്പെട്ട വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്തയടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാർ അധ്യാപകർ ആണോയെന്നും സതീശൻ ചോദിച്ചു. പൂക്കോട് കോളേജിൽ റാംഗിങ്ങിന് വിധേയമായി മരണപ്പെട്ട സിദ്ധാർഥന്‍റെ വിഷയം ഉണ്ടായപ്പോൾ തന്നെ കർശന നടപടി വേണമായിരുന്നു. അന്ന് കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അതിനിടെ സിദ്ധാർഥന്‍റെ അമ്മ, നിതിന്‍റെ അമ്മയെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയത് കണ്ണീർകാഴ്ചയായി.
സിദ്ധാർഥന്റെ അമ്മ, സങ്കടം അലയടിക്കുന്ന നിതിന്‍റെ വീട്ടിലെത്തിയത് ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായി. മിടുക്കരായ മക്കളെ കൂടുതൽ പഠിച്ച് വളരാനായി വിട്ട കോളേജിൽ, അവരെ നഷ്ടമായ അമ്മമാരുടെ കണ്ണീർ അത്രമേൽ നൊമ്പരമായി. സ്വന്തം മകന് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തുന്ന അമ്മ, സമാന സാഹചര്യത്തിൽ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോൾ കണ്ടുനിന്നവർക്കും കണ്ണീർ അടക്കാനായില്ല. നിതിന്‍റെ അമ്മ അനുഭവിക്കുന്ന ഹൃദയവേദന മറ്റാരെക്കാളും നന്നായി മനസിലാകുന്ന സിദ്ധാർഥന്‍റെ അമ്മ, ഹൃദയവേദനയിലും നിതിന്‍റെ അമ്മയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ പരിശ്രമിച്ചു. വറ്റാത്ത കണ്ണീരോടെയാണ് സിദ്ധാർഥന്‍റെ അമ്മ, നിതിന്‍റെ വീട്ടിൽ ഓരോ നിമിഷവും ചിലവഴിച്ചത്. മകൻ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി. ഞങ്ങൾ എന്ത് പ്രാർഥിച്ചോ അത് നടന്നിട്ടില്ലെന്ന് ഇടറിയ ശബ്ദത്തിൽ പോലും ആ അമ്മക്ക് പറഞ്ഞ് മുഴുമിക്കാനായില്ല. സിദ്ധാർഥിന്‍റെ കേസിൽ എത്രത്തോളം നീതി നടപ്പായെന്ന് ചോദിച്ച അമ്മ, ഈ നിലയിൽ ശിക്ഷ നടപ്പാകുന്നതിനാൽ തന്നെ കുറ്റങ്ങളും കുറയില്ലെന്ന് കൂട്ടിച്ചേർത്തു. പൂക്കോട്ട് കോളേജിലെ കുറ്റക്കാരായ ഡീൻ അടക്കമുള്ള അധ്യപകരെ തിരിച്ചെടുത്തില്ലേ എന്നും അമ്മ ചോദിച്ചു. അതുപോലെ നിതിന്‍റെ കേസിലെ അധ്യപകർക്കുള്ള സസ്പെൻഷനും പുകമറയാണെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ധാർഥിന്‍റെ കേസിൽ നിയമവും ശിക്ഷയും കൃത്യമായി നടപ്പായിരുന്നെങ്കിൽ ഇതുപോലുള്ള കുറ്റങ്ങൾ ആവർത്തിക്കില്ലായിരുന്നു. കുറ്റവാളികൾക്ക് ഇപ്പോൾ ഒരു പേടിയുമില്ലല്ലോ. എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്നും തിരികെ കേറാമെന്നും അവർക്ക് അറിയാം. സിദ്ധാർഥിന്‍റെ കാര്യത്തിലും ആദ്യം സ്വാഭാവിക മരണമെന്നാണ് പറഞ്ഞത്. പിന്നീട് ഓരോ ദിവസങ്ങളിലായാണ് സത്യം പുറത്തുവന്നതെന്നും വിവരിച്ചു. മകന് സംഭവിച്ചതുപോലുള്ള കാര്യങ്ങൾ വീണ്ടും സംഭവിക്കുമ്പോൾ അത്രത്തോളം വേദനയുണ്ട്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതേയെന്ന പ്രാർഥനയും പങ്കുവച്ചാണ് അവർ കണ്ണീരോടെ മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam