
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ പരസ്യപ്പോര്. വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്നും അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ചയാളെന്നും പറഞ്ഞുകൊണ്ട് ശിവൻകുട്ടിക്കെതിരെ സതീശനാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ ആഞ്ഞടിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയതോടെ പോര് കടുത്തു. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാൻ അച്ഛന്റെ പ്രായമുള്ളവരെ പോലും അദ്ദേഹം ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയിൽ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. 'ഞാൻ പേടിച്ചു പോയി' എന്ന ബോർഡ് സതീശന്റെ ഫോട്ടോയ്ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. തങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തതെന്നും തങ്ങൾ തിരിച്ചടിച്ചാൽ സതീശൻ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു. അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണെന്ന പരാമർശനത്തിനും ശിവൻകുട്ടി മറുപടി നൽകി. എന്ത് ചോദിച്ചാലും സഭയിലെ കയ്യാങ്കളിയെ കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളതെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. മന്ത്രിയായത് കൊണ്ട് ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മറുപടി പറയാൻ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ 'സംഘിക്കുട്ടി' എന്ന് വിളിച്ച സതീശന്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവൻകുട്ടി പറഞ്ഞു. താൻ ആർ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ല, അത് 'വിനായക് ദാമോദർ സതീശൻ' ആണെന്നും അദ്ദേഹം തിരിച്ചടിച്ചു. ആർ എസ് എസിന് ഞാൻ സഹായം ചെയ്യുമെന്ന് പറഞ്ഞാൽ കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സതീശനെ ചൊടിപ്പിച്ചത്. സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ക്രിമിനലായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ കയ്യിൽ ചരട് കെട്ടിയതെന്നും സോണിയ എം പിയായിരുന്ന ബെല്ലാരിയിൽ സ്വർണം വിറ്റുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്നാണ് പ്രതിപക്ഷം തിരുവനന്തപുരത്ത് നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. 'ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ' എന്നും സതീശൻ ചോദിച്ചു. അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് ഇപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയുന്നു, സഭയിൽ മര്യാദ പഠിപ്പിക്കുന്നു, യു ഡി എഫിനെ ഉപദേശിക്കുന്നുവെന്നും സതീശൻ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam