'നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് പിൻവലിക്കണം' സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Published : Feb 26, 2023, 03:05 PM IST
'നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള  മാധ്യമവിലക്ക് പിൻവലിക്കണം' സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Synopsis

ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന  വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം:നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍  ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു

കത്ത് പൂർണ രൂപത്തിൽ

ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകള്‍, ഭരണ നിര്‍വഹണ സംവിധാനം, നീതി നിര്‍വഹണ സംവിധാനം എന്നിവയ്‌ക്കൊപ്പം നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍. ഈ നാല് തൂണുകളും ഒരു പോലെ ശക്തവും കര്‍മ്മനിരതവുമാകുന്നതാണ് ജനാധിപത്യത്തിന്റെ ഔന്നത്യവും സൗന്ദര്യവും.നിയമ നിര്‍മ്മാണ നടപടിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകര്‍ക്കും സമാജികര്‍ക്കൊപ്പം അര്‍ഹമായ പരിഗണന നല്‍കിപ്പോരുന്ന കീഴ് വഴക്കമാണ് രൂപീകൃതമായ കാലം മുതല്‍ക്കെ കേരള നിയമസഭയ്ക്കുള്ളത്.

എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല.നിയമസഭാ ദൃശ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ ആശ്രയിക്കുന്ന സഭ ടി.വിയാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണ്.

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണ സഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്, പ്രത്യേകിച്ചും അത് കേരളത്തിലാകുമ്പോള്‍ നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശവുമാണ് നല്‍കുന്നത്.ഈ സാഹചര്യത്തില്‍ നിയമസഭയുടെ കീഴ് വഴക്കം അനുസരിച്ച് എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകള്‍ക്കും ചോദ്യോത്തര വേളയുടെ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം പുന:സ്ഥാപിച്ചു നൽകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും