'സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് പിണറായി തുറന്നു പറയാത്തത്' വി ഡി സതീശന്‍

By Web TeamFirst Published Nov 28, 2022, 12:25 PM IST
Highlights

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ  ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്.എ.കെ.ജി സെന്‍ററും സെക്രട്ടേറിയേറ്റും വിറ്റാലും സി പി എം സമരങ്ങൾ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്താനാകില്ലെന്നും വിഡി സതീശന്‍

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ജാള്യത കൊണ്ടാണ് പദ്ധതി പിന്‍വലിക്കുന്നെന്ന് പറയാതെ ഘട്ടംഘട്ടമായി സര്‍ക്കാര്‍ പിന്‍മാറുന്നത്. ഒരുകാരണവശാലും ഈ പദ്ധതിയുടെ ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞയാഴ്ച വരെ പദ്ധതി പിന്‍വലിക്കില്ലെന്ന വാശിയായിരുന്നു. പദ്ധതി നിര്‍ത്താലാക്കാനാണ് തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ എല്ലാ സംഭവങ്ങൾക്കും ഉത്തരവാദിത്വം സർക്കാരിനാണ്.ഇത് രാജഭരണമാണോ?തീരദേശത്തെ പാവങ്ങളെ ചർച്ചക്ക് വിളിക്കാൻ എന്തിനാണ്  ഈഗോ.അക്രമത്തെ ന്യായീകരിക്കുന്നില്ല.അദാനിക്കുണ്ടായ നഷ്ടം ലത്തീൻ സഭയിൽ നിന്ന് ഈടാക്കണമെന്ന് പറഞ്ഞാൽ അത് ന്യായീകരിക്കാനാകില്ല.കഴിഞ്ഞ 50 വർഷം വിവിധ സമരങ്ങളിൽ നിന്ന് ഉണ്ടായ നഷ്ടം സി പി എമ്മിൽ നിന്ന് ഈടാക്കേണ്ടിവരും.എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും സി പി എം സമരങ്ങൾ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു

 

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

 

click me!