സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Published : Nov 28, 2022, 11:57 AM ISTUpdated : Nov 28, 2022, 01:22 PM IST
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Synopsis

പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു.

തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

പദ്ധതി മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത ശരിവെച്ച് റവന്യു വകുപ്പ് ഒടുവിൽ ഉത്തരവിറക്കി. 

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി  സർക്കാർ മുന്നോട്ട് പോയതോടെ എതിർപ്പുയർന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിലേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതി നടപടികളിൽ താൽക്കാലികമായി നിർത്തിവെച്ചു. 

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും- നവംബർ 19 ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാർത്തയുടെ പൂർണരൂപം  

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി  നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും. 2020 ജൂണിൽ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്. 

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കീഴ്വഴക്കം മറ്റൊന്നാണെങ്കിലലും ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങളെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും, കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി

 

 

 


 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്