സ്വപ്നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമസംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ്: വീണ ജോർജ്ജ്

By Web TeamFirst Published Jan 21, 2021, 11:54 AM IST
Highlights

നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മുള എംഎൽഎ വീണ ജോർജ്ജ്. സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സംസ്ഥാന സർക്കാർ ഭരണമികവിൽ രാജ്യത്ത് ഒന്നാമതെന്ന റെക്കോർഡുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങൾ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനെന്നും വീണ ജോർജ് പറഞ്ഞു.

നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർക്കെതിരെ എം ഉമ്മർ ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹത്തിന് തന്നെ വിശ്വാസമില്ല. അടിസ്ഥാനമില്ലാതെ സ്വാർത്ഥലാഭത്തിന് വേണ്ടി സഭയെ കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. 

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടർ ഒഴിവാക്കി ഊരാളുങ്കലിന് ഏൽപ്പിക്കാൻ എഴുതിയ കത്തും വീണ ജോർജ് ഉയർത്തിക്കാട്ടി. 2018 ൽ തന്നെ സഭ ടിവിയുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സഭ ടിവി പ്രവർത്തനം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഉടൻ എടുക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളി വന്നു. രാജ്യത്ത് ധ്വംസിക്കപ്പെടുകയും ആശയ സംവാദത്തിനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത്. അന്നതിനെ പ്രതിപക്ഷം പ്രകീർത്തിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി കേരളത്തിലെ ഇടതുമുന്നണിയെ വിരട്ടാമെന്ന് കരുതണ്ടെന്നും വീണ ജോർജ്ജ് എംഎൽഎ പറഞ്ഞു.

സംശയത്തിന് അതീതമായി നിൽക്കാൻ സ്പീക്കർക്കായില്ലെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. അദ്ദേഹം വിവാദത്തിൽ അകപ്പെടാൻ പാടില്ലാത്ത വ്യക്തിയാണ്. അതിന് ഭംഗം വരുന്നത് നിർഭാഗ്യമാണ്. വിവിധ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഉയർന്നു വന്ന ആക്ഷേപങ്ങളെ തള്ളക്കളയാനാവില്ല. സ്പീക്കർ സ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടത് കൊണ്ട് പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു.

click me!