
തിരുവനന്തപുരം: മുന്നിൽ എസ്കോർട്ട് പോയ പൊലീസ് വണ്ടിക്ക് (police vehicle) വഴി തെറ്റിയാൽ പിന്നാലെ പോയ മന്ത്രി എന്ത് ചെയ്യും? ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനാണ് (Veena George) പൊലീസ് വണ്ടിക്ക് പിന്നാലെ പോയി പരിപാടി മാറി പോയത്. മാവേലിക്കരയിൽ ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി മാറി കയറിയത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലെ വേദിയിലേക്കാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അപ്രതീക്ഷിതമായി എത്തിയത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് വീണ ജോർജ് എത്തിയത്.
സ്റ്റേജിലെത്തി കുറെ അധികം സമയത്തിന് ശേഷമാണ് മന്ത്രിക്ക് വേദി മാറി പോയത് മനസിലായത്. സ്റ്റേജിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വീണ ജോർജിനോട് പങ്കെടുക്കേണ്ട വേദി മാറിപോയ വിവരം അറിയിച്ചത്. ഉടൻ തന്നെ മന്ത്രി വേദി വിട്ടു. വേദി മാറിപോയെങ്കിലും ഗവർണറുമായി സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മന്ത്രി മടങ്ങിയത്. ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവറിയോസ് തുടങ്ങി മുൻകൂട്ടി നിശ്ചയിച്ചവർ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. ആത്മബോധോദയ സംഘം കൊറ്റാർക്കോവിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആരോഗ്യ മന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എസ്കോർട്ട് വന്ന പൊലീസ്കാർ തന്നെ വഴി കണ്ടെത്തിയതോടെ മന്ത്രി കൃത്യമായി പങ്കെടുക്കേണ്ട പരിപാടിയിൽ പോയി ഉദ്ഘാടനം ചെയ്തു മടങ്ങി. അതേ സമയം മന്ത്രി ഗവർണറുടെ പരിപാടിയിലെത്തിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്നും വിമർശനം ഉയരുന്നുണ്ട്