മുൻ സഹപ്രവർത്തകയെ പിആർഒ ആക്കാനുള്ള വീണാ ജോർജിന്‍റെ ശ്രമം തടഞ്ഞ് പാർട്ടി

By Web TeamFirst Published Jun 21, 2021, 1:51 PM IST
Highlights

വീണയുടെ മുൻ സഹപ്രവർത്തക കൂടിയായ മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്‍റെ  എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്‍റർ ഇടപെടൽ. 

തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നേതൃത്വത്തിന്‍റെ ഇടപെടൽ.

മുൻ സഹപ്രവർത്തകയും സുഹൃത്തുമായ മാധ്യമപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടി. എന്നാൽ പാർട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയിൽ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്. 

വീണയുടെ മുൻ സഹപ്രവർത്തക കൂടിയായ മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്‍റെ  എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്‍റർ ഇടപെടൽ. പാർട്ടി അറിയാതെ തീരുമാനം എടുക്കരുതെന്നാണ് നിർദ്ദേശം. 

വീണാ ജോർജ് മന്ത്രിയായതിന് പിന്നാലെ പാർട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചത്. എന്നാൽ പിആർഒ നിയമനത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടന്നില്ല. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി. അതിലും പാർട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്.

click me!