
കൊച്ചി: നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.
നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്ന് മന്ത്രി പ്രതികരിച്ചു. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടേ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിന്‍റെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിച്ച ഹരിദാസിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇതേക്കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യൽ. ഹരിദാസനെ തൽക്കാലം പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഢാലോചന അന്വേഷിക്കാനാണ് നീക്കം. സുഹൃത്തായ ബാസിത്ത് നിർദ്ദേശിച്ച പ്രകാരമാണ് മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസന്‍റെ മൊഴി. മറ്റ് ചിലരുടെ പേരുകളും ഹരിദാസന്‍റെ മൊഴികളിലുണ്ട്. ബാസിത്തിനെയും മറ്റൊരു പ്രതി ലെനിൻ രാജിനെയും കണ്ടെത്താൻ പൊലിസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam