
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കൂ. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500 രൂപ ഇന്‍സെന്റീവ് നല്‍കുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കുട്ടിയും മെച്ചപ്പെട്ട ജീവിത നിലവാരം അര്‍ഹിക്കുന്നു എന്നതിനാല്‍ തന്നെ ഒരു കുട്ടിയും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശുവികസന വകുപ്പ് ശരണബാല്യം പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ ഇതുവരെ 622 കുട്ടികളെ രക്ഷിച്ച് പുനരധിവസിപ്പിച്ചെന്നും അവരുടെ തുടര്‍ സംരക്ഷണം, പഠനം, സുരക്ഷിതത്വം എന്നിവ ഉറപ്പ് വരുത്തുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതിയായ രേഖകള്‍ ഹാജരാക്കുന്ന മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കുട്ടികളെ വിട്ടയ്ക്കും. സംശയാസ്പദമായ കേസുകളില്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. അന്യ സംസ്ഥാന കുട്ടികളെ അതാത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സി.ഡ.ബ്ല്യു.സി മുമ്പാകെ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. കൂടാതെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികള്‍ക്ക് സാമൂഹ്യ, മാനസിക പരിരക്ഷയും പിന്തുണയും നല്‍കി അവരെ ശരിയായ സാമൂഹ്യജീവിതം നയിയ്ക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാവല്‍ പ്ലസ് പദ്ധതിയും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam