
കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി (Vava Suresh) ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു. വാവ സുരേഷ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം വാവ സുരേഷിനെ അറിയിച്ചുവെന്നും വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യം ഓര്‍മ്മിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി തന്നെയാണ് വാവ സുരേഷിനെ സന്ദർശിച്ച കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
വിഷം ശരീരത്തിൽ നിന്ന് പൂർണമായും ഇറങ്ങിയതോടെ വാവ സുരേഷ് പതിയെ പഴയ നിലയിലേക്ക് മടങ്ങി എത്തുകയാണ്. ആശുപത്രി മുറിയിൽ തനിയെ നടക്കാൻ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓർത്ത് സാധാരണ പോലെ സംസാരിക്കുന്നു. നിലവിൽ ജീവൻ രക്ഷാമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുൾ മാത്രമാണ് നിലവിൽ നൽകുന്നത്. മുറിവ് പതിയെ ഉണങ്ങുന്നുണ്ട്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്‍റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്.
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു വാവ സുരേഷിന്‍റെ ചികിത്സ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam