
ആലപ്പുഴ: പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമങ്ങൾ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയത്. ദുരിത കാലത്ത് സർക്കാർ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചു. ഇതാണ് വോട്ടായി മാറിയതെന്ന് വെള്ളാപ്പാള്ളി പറഞ്ഞു. കേരളത്തിൽ തുടർ ഭരണത്തിനാണ് സാധ്യത. പിഎസ്സി സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ല. സ്ഥാനാർഥിനിർണ്ണയം കഴിഞ്ഞു എസ്എൻഡിപി യോഗം നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യ നീതി പാലിച്ചോ എന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്. ചേർത്തലയിൽ തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ട് വരുമെന്നും അദേഹം ചോദിച്ചു. ലോത്തമൻ ജനകീയനാണ്.
ചേർത്തലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിപിഐ ഒന്നുകൂടി ചിന്തിക്കണം. ആരെ സ്ഥാനാർഥി ആക്കിയാലും ജനങ്ങൾ ഉൾക്കൊള്ളണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം കള്ള നാണയമാണ്. മത നേതാക്കളെ കാണണ്ട എന്ന് തീരുമാനിച്ച യുഡിഎഫ് ഇപ്പോൾ മത മേലധ്യക്ഷന്മാരെ കാണുന്നു. എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് സത്യമാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് മാഷ് പറഞ്ഞത്. വിശ്വാസികളെ മാറ്റി നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പോകുന്നില്ല. അന്ന് ഗോവിന്ദന്‍ മാസ്റ്ററെ ക്രൂശിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പൻ പാല സീറ്റ് ചോദിച്ചതിൽ എന്താണ് തെറ്റ്.? കാപ്പൻ നന്ദി ഉള്ളയാളാണ്. കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല. ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യതയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യാനി അല്ലാത്ത ഒരാളെ അവിടെ എന്ത് കൊണ്ട് സ്ഥാനാർഥി ആക്കുന്നില്ല എന്ന് വെള്ളാപ്പള്ളി ചോദിച്ചു. നല്‍കിയ വാക്കുകൾ ബിജെപി പാലിച്ചില്ല. ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam