
തിരുവനന്തപുരം: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ ലേഖനം. അടികൊള്ളാൻ പിന്നോക്കക്കാർ, അധികാരത്തിലേറാൻ മറ്റുള്ളവർ എന്നാണ് സ്ഥിതിയെന്ന് അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ അദ്ദേഹം വിമർശിച്ചു. ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല. ഈഴവർ ഉൾപ്പെടെ ഭൂരിപക്ഷ ജനങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തിൽ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അർഹതപ്പെട്ടത് നിഷേധിക്കുന്നവർക്ക് ബാലറ്റിലൂടെ മറുപടി നൽകണം. പ്രതികരിച്ചില്ലെങ്കിൽ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി ലേഖനത്തിൽ പറയുന്നു.
മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്നു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എസ്എൻഡിപി നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. ജനവികാരം സർക്കാർ കണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടത് അല്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാർ എന്തു ചെയ്യണം എന്നു അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടുപിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam