വനം വകുപ്പ് അധികൃതർ പിടിച്ചെടുത്ത ജെസിബി വിട്ടുനൽകുമെന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ ആദിവാസി യുവാവായ അജീഷ്. വർഷങ്ങളായിട്ടും വാഹനം വിട്ടുനൽകാത്തതിൽ അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.
ഇടുക്കി: വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ ആദിവാസി യുവാവ്. ഇടുക്കി ഒഴുകുപാറ സ്വദേശിയായ അജീഷിൻ്റെ വാഹനമാണ് നാലര വർഷമായി വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ തുടരുന്നത്. തൻ്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ട് വണ്ടി വിട്ടുതരുമെന്നാണ് പ്രതീക്ഷയെന്നും നീതി കിട്ടണമെന്നും അജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ചു അജീഷ് കഴിഞ്ഞ ദിവസം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. ജെസിബി വിട്ടുകിട്ടുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അജീഷ്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ചെമ്പൻകുഴി നഗരംപാറ സ്റ്റേഷൻ വളപ്പിൽ പിടിച്ചിടിരിക്കുന്ന ജെസിബിയിൽ കയറിയാണ് ഇക്കഴിഞ്ഞ ദിവസം അജീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 500 രൂപ പിഴയടയ്ക്കാനുള്ള കുറ്റത്തിനാണ് 30 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം വനം വകുപ്പ് പിടിച്ചെടുത്തതെന്നാണ് അജീഷ് പറയുന്നത്. സ്വരുക്കൂട്ടി വെച്ച തുകകൊണ്ടാണ് ജെസിബി വാങ്ങിയതെന്നും ഇന്നും സിസി തുകയായ 49,955 രൂപ അടച്ചുകൊണ്ടിരിക്കുകയാണെന്നും അജീഷ് പറഞ്ഞു. ഇവർ കാണിക്കുന്ന തോന്നിവാസം കാരണം ഈ പണം എവിടെ നിന്ന് അടയ്ക്കുമെന്ന് ചോദിച്ച അജീഷ്, തൻ്റെ കൂടെ ആരുമില്ലെന്നും പറയുന്നു.
വണ്ടി തന്നില്ലെങ്കിൽ ഈ നാട്ടിൽ ഒരു പണിയും ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ പേടിച്ചുപോയി. തൻ്റെ കുടുംബത്തെ പോറ്റാൻ വണ്ടി വേണ്ടതുകൊണ്ടാണ് വനം വകുപ്പിന് കൊടുത്തത്. പത്ത് ദിവസം കഴിഞ്ഞ് വണ്ടി വിട്ടുതരാമെന്ന് പറഞ്ഞിരുന്നു. തനിക്ക് പിഴയിട്ട 500 രൂപയ്ക്ക് വേണ്ടിയാണ് 30 ലക്ഷം രൂപയുടെ വണ്ടി പിടിച്ചെടുത്തതെന്നും അജീഷ് പറഞ്ഞു. ഓമനിച്ചെടുത്ത വണ്ടിയാണെന്നും അഞ്ചുവർഷക്കാലം ചങ്കായി കൊണ്ടുനടന്നതാണെന്നും അത് നശിച്ചുപോകുന്നത് കാണുമ്പോൾ സങ്കമുണ്ടെന്നും അജീഷ് കൂട്ടിച്ചേർത്തു.
2020ൽ കഞ്ഞിക്കുഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള വനഭൂമിയിൽ വീട് നിർമ്മാണത്തിന് വേണ്ടി പണിനടക്കുമ്പോഴാണ് ജെസിബി ഉടമയായ അജീഷിനെതിരെ വനം വകുപ്പ് കേസെടുത്തത്. വനഭൂമിയിൽ ഉണ്ടായിരുന്ന ഏഴ് പാഴ്മരങ്ങൾ അനധികൃതമായി പറിച്ചുമാറ്റിയെന്ന് കാട്ടിയായിരുന്നു നടപടി. ഒരുവർഷത്തിന് ശേഷം, 10 ദിവസത്തിനകം വിട്ടുനൽകാമെന്ന് പറഞ്ഞ് വനം വകുപ്പ് ഡപ്യൂട്ടി റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം, അജീഷ് ജെസിബി വനം വകുപ്പ് ഓഫീസിൽ എത്തിച്ചെങ്കിലും വിട്ടുനൽകിയില്ല. ജെസിബി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അജീഷ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഉചിതമായ തീരുമാനം സ്വീകരിക്കാൻ മൂന്നാർ ഡിഎഫ്ഒയ്ക്ക് നിർദേശം നൽകി കോടതി കേസ് തീർപ്പാക്കി.

ആറ് മാസം മുൻപ് ജെസിബി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് അജീഷ് ഇക്കഴിഞ്ഞ ദിവസം വനം വകുപ്പിൻ്റെ ഓഫീസിലെത്തി ജെസിബിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ചൊവ്വാഴ്ച ഡിഎഫ്ഒയുമായി വിശദമായ ചർച്ച നടത്താമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് അജീഷ് സമരം അവസാനിപ്പിച്ചത്. അതേസമയം കേസ് ഇടുക്കി കോടതിയുടെ പരിഗണനയിലാണെന്നും വാഹനം വിട്ടുനൽകാനാവില്ലെന്നുമാണ് വനം വകുപ്പിൻ്റെ വിശദീകരണം.


