
ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. വെള്ളാപ്പള്ളി നടേശൻ യോഗം മുഖപത്രമായ യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കെ എം ഷാജിയെ പോലുള്ള 'ആദർശ ധീരരായ' നേതാക്കളുടെ മതേതര സംഭാഷണങ്ങൾ കേട്ടാൽ ചിരി വരുമെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന നേതാക്കളുടെയും അണികളുടെയും ഇരട്ടമുഖം വെളിച്ചത്ത് വന്നു കഴിഞ്ഞു. പൊതുവേദികളിൽ ഇവര്‍ പൂച്ചകളെ പോലെ മതേതരത്വത്തിൻ്റെ മനോഹാരിത വിളമ്പും, മുസ്ലിം വേദികളിൽ പുലികളായി വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വർഗീയവിഷമാണ് വിതറുന്നത്. രാഷ്ട്രീയം കൊള്ള ലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസാണ് എന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കളെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിൻ്റെ പുതിയ തലമുറ. ഇനി കേരളത്തിൽ അധികാരം പിടിക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്ലിങ്ങളുടെ നഷ്ടം തിരിച്ചെടുക്കാനാണെന്നും എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്നും പറഞ്ഞയാളാണ് ഷാജി. കെ എം ഷാജി 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച് മുസ്ളീങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം തുടങ്ങി പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ലീഗ് നേതാക്കളുടെ മൗനം ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി, അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗെന്നും പരിഹസിച്ചു. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam