
ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളത്തിലെ മുഖ്യമന്ത്രിയാരാകണം എന്ന ചർച്ച കോൺഗ്രസിൽ കൊടുമ്പിരിക്കൊണ്ടിരിക്കവെ നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശനും രംഗത്ത്. പൂച്ചയ്ക്ക് പൊന്നൊരുക്കുന്ന ഇടത്ത് കാര്യമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷമെന്നാണ് അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ കേരളത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം വെള്ളാപ്പള്ളി ഇന്നും തുടർന്നു. ലീഗ് പരസ്യ നിലപാട് പറഞ്ഞത് ശരിയായില്ലെന്നും ലീഗിന്റെ നിലപാടാണ് കാര്യങ്ങൾ ബി ജെ പിയിലേക്ക് പോകാൻ കാരണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ലീഗിന്‍റെ നിലപാട് ശരിയല്ലെന്ന് പറഞ്ഞ മാത്യു കുഴൽനാടനോട് എന്താണ് ചെയ്തതെന്ന് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു. ലീഗ് പറയുന്നതിന് ഒത്തു പറയുന്നവരെയാണ് അവർക്ക് വേണ്ടത്. മുസ്ലിം ലീഗ് കാണിക്കുന്ന ഈ വിവേചനത്തെ കുറിച്ചാണ് താൻ പറഞ്ഞത്. സത്യം പറയാൻ നിവൃത്തിയില്ലെന്നും ലീഗ് തന്നെ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവിയിൽ സി പി ഐ തന്നെ വിമർശിക്കുന്നത് ശരിയല്ല. കൂട്ടത്തിൽ നിന്ന് ചതിച്ചവരാണ് സി പി ഐക്കാരെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അതിനിടെ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എം എൽ എമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെ സി വേണുഗോപാലിനാണ് എം എൽ എമാരിൽ ഭൂരിപക്ഷത്തിന്‍റെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്. അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam