സ്പീക്കറുടെ പരാമർശങ്ങൾ അനുചിതമാണെന്നും താൻ മുറിക്കായി ഒരു കത്തും നൽകിയിട്ടില്ലെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ സ്പീക്കർ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് മുറിയെ കുറിച്ചുള്ള വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എൻ ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ലെന്ന് ബാലഗോപാൽ തുറന്നടിച്ചു.
'പ്രതിപക്ഷ ഉപനേതാവിന് നിയമസഭയിൽ മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്നുമായിരുന്നു സ്പീക്കർ പ്രതികരിച്ചത്. കെ എൻ ബാലഗോപാലിന് പിഎസി ചെയർമാൻ എന്ന നിലക്ക് ഒരു മുറിയുണ്ട്. ഉപനേതാവ് തർക്കം എൽഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപനേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാൽ മുറി അപ്പോൾ നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർക്കെിരെ കെഎൻ ബാലഗോപാൽ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി (PAC) ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്.
എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകൾ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു.


