'22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ല' നെഞ്ചുലഞ്ഞ് അധ്യാപിക; വെള്ളർമല സ്കൂൾ ഇന്നലെ, ഇന്ന്; ദുരന്തക്കാഴ്ച

Published : Jul 30, 2024, 02:24 PM ISTUpdated : Jul 30, 2024, 02:38 PM IST
'22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ല' നെഞ്ചുലഞ്ഞ് അധ്യാപിക; വെള്ളർമല സ്കൂൾ ഇന്നലെ, ഇന്ന്; ദുരന്തക്കാഴ്ച

Synopsis

'ഇവിടെ കറന്റില്ല. ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കിൽ ചാർജ് തീർന്നു പോയതാകാം'.

കൽപറ്റ: വയനാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിന്റെ ആശങ്കയിലാണ് വള്ളർമല വിഎച്ച്എസ്‍സിയിലെ പ്രിൻസിപ്പൽ ഭവ്യ ടീച്ചർ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഭവ്യ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നതാണ്. അതിൽ 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു. ഇപ്പോൾ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുട്ടികളെല്ലാവരും സേഫാണ്. വളരെ  ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കിൽ ചാർജ് തീർന്നു പോയതാകാം.'' ഭവ്യ ടീച്ചർ ആശങ്ക പങ്കുവെക്കുന്നു. 

15 വര്‍ഷമായി വെള്ളര്‍മല സ്കൂളിലെ അധ്യാപികയാണ് ഭവ്യടീച്ചര്‍. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ സ്കൂളില്‍ ദുരിതാശ്വാസ ക്യാംപുണ്ടായിരുന്നു. 13 പേരാണ് ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാംപിലേക്ക് മാറ്റി. 22 കുട്ടികളെയും നിരന്തരം ക്ലാസ് ടീച്ചേഴ്സ് വിളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും ടീച്ചര്‍ പറഞ്ഞു. 

രാവിലെ മുന്ന് മണിക്കാണ് ദുരന്തത്തെക്കുറിച്ച് അറിയുന്നത്. പരിചയത്തിലുള്ള പലരെയും ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അവരിലെത്ര പേര്‍ സുരക്ഷിതരാണെന്ന് ഇപ്പോഴും അറിയില്ല. ഞാന്‍ പത്ത് വര്‍ഷം താമസിച്ചിരുന്ന ഒരു വീടുണ്ടായിരുന്നു അവിടെ. ഇന്ന് അതവിടെയില്ല. അയല്‍വാസികളും പരിചയക്കാരുമൊക്കെയുണ്ടായിരുന്നു, അവരില്‍ പലരും മരിച്ചെന്ന വിവരം ലഭിക്കുന്നുണ്ട്. ഇന്നലെ സ്കൂളിന് പ്രാദേശിക അവധി കൊടുത്തത് കൊണ്ട് ദൂരെ നിന്നുള്ള പല അധ്യാപകരും എത്തിയിട്ടില്ലായിരുന്നു. അവര്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇന്ന് തകര്‍ന്നു പോയിരിക്കുന്നത്. ഇന്നലെ മഴയുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുഴയില്‍ വെള്ളം കൂടുതലായിരുന്നു. ഭവ്യടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി.

വയനാട് മുണ്ടക്കൈയില്‍ ഇന്ന് രാവിലെ 2 മണിക്കുണ്ടായ ഉരുള്‍പൊട്ടലില്‍ 73 പേരാണ് ഇതുവരെ മരിച്ചത്. അവരില്‍ 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. അക്ഷരാര്‍ത്ഥത്തില്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. രക്ഷാപ്രവര്‍ത്തനം പുരോഗോമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.  

 

 

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം