
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിച്ചു.
Read More... പട്ടാമ്പി പുഴയിലെ ജലനിരപ്പുയരുന്നു, ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കും വിലക്ക്
ചാലക്കുടിയിൽ അതീവ ജാഗ്രത നിർദേശം നൽകി. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരും. പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് കൂടി തുറന്നതോടെ അപകടകരമായ ജലനിരപ്പിൽ എത്തി. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റർ ആയി ഉയർന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ , കാടുക്കുറ്റി, അന്നമനട , കൂടൂർ , എറിയാട് പ്രദേശങ്ങളിൽ ജില്ലാ കലക്ടർ അതീവ ജാഗ്രത പുറപ്പെടുവിച്ചു.