
കോഴിക്കോട്: ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ തുടർന്ന് എ ആർ നഗർ ബാങ്ക് 18 കോടിയിലേറെ രൂപ പിഴയൊടുക്കി. ബാങ്കിലെ നിക്ഷേപങ്ങളിൽ ക്രമക്കേടില്ലെന്ന് സർക്കാരും ബാങ്ക് അധികൃതരും അവകാശപ്പെട്ടിരുന്നു. എങ്കിലും വൻതുകയാണ് പിഴയൊടുക്കേണ്ടി വന്നത്. മന്ത്രി വാസവൻ വേങ്ങരയിലെ എആർ നഗർ ബാങ്കിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
മന്ത്രിയുടെ നടപടി വകുപ്പ് തല അന്വേഷണത്തിന്റെ വേഗം കുറച്ചിരുന്നു. 67.78 കോടിരൂപയുടെ വ്യാജ നിക്ഷേപമുണ്ടെന്ന നിലപാടിൽ ആദായ നികുതി വകുപ്പ് ഉറച്ച് നിൽക്കുകയായിരുന്നു. ഇതിനും മറ്റു നിക്ഷേപങ്ങൾക്കുമായി ഈടാക്കേണ്ട ടി ഡി എസും ടി സി എസും ഈടാക്കിയിരുന്നില്ല. ആദായ നികുതി വകുപ്പ് കർശന നിലപാട് സ്വീകരിച്ചതോടെ പിഴയായി 18.12 കോടിയിലേറെ രൂപ ബാങ്ക് ആദായ നികുതി വകുപ്പിലേക്ക് അടക്കുകയായിരുന്നു. ഇതിന്റെ ചലാനും ചെക്കുകളുമടക്കം രേഖകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബാങ്കിന്റെ പൊതു ഫണ്ടിൽ നിന്നാണ് ഈ തുക അടച്ചത്. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ഇതിനുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് ജോയിന്റ് രജിസ്ട്രാർ കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളുണ്ടാക്കിയതും ടിഡിഎസ് വെട്ടിച്ചതും മുൻ ഉദ്യോഗസ്ഥരാണെന്നും അവരിൽ നിന്ന് പണം ഈടാക്കണമെന്നുമാണ് വകുപ്പിന്റെ നിലപാട്.
അന്തിമ നോട്ടീസ് നൽകും മുൻപേ തിരക്കിട്ട് ബാങ്ക് 18 കോടി രൂപ അടക്കുകയായിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ആദായ നികുതി വകുപ്പുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്. ബിനാമി ഇടപാടുകളിലടക്കം ആദായ നികൂതി വകുപ്പ് നിലപാട് കർക്കശമാക്കിയാൽ ബാങ്ക് 100 ശതമാനം പിഴ ഒടുക്കേണ്ടി വരും. ഇത് ബാങ്കിന്റെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ്. ബാങ്കിലെ ബിനാമി അക്കൗണ്ടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റ് പ്രത്യേക അന്വേഷണം തുടങ്ങി. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാനോ നടപടിയെടുക്കാനോ വകുപ്പിന്റെ ചുമതലയുള്ളവർ തയ്യാറല്ല.