
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. അച്ഛന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണുള്ളത്.
സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അഫാന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതൃ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതിൽ ലത്തീഫിനെയും സാജിതയെയും കൊലപ്പെടുത്തിയ കേസിലാണിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആർഭാട ജീവിതം നയിക്കാൻ അഫാൻ പണം കടംവാങ്ങുന്നത് ബന്ധുക്കള്‍ എതിർത്തിരുന്നു. അച്ഛന്‍റെ സഹോദരൻ ലത്തീഫ് വഴക്കു പറഞ്ഞു. അഫാന്‍റെ അമ്മ നടത്തിയിരുന്ന ചിട്ടിയുടെ പണം നൽകാത്തിനെ ചൊല്ലിയും വാക്കുതർക്കമുണ്ടായി. അമ്മയുടെ സ്വര്‍ണമാല അഫാന് നൽകുന്നതിനെയും ലത്തീഫ് എതിര്‍ത്തു. ഇതിന്‍റെ വൈരാഗ്യത്തിണ് ലത്തീഫിനെയും ഭാര്യ ഷാഹിതയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ ഇൻസ്പെക്ടർ ബി.ജയൻ ആണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സഹോദരനെയും കാമുകിയെയും കൊലപ്പെടുത്തിയതിനും അമ്മയെ കൊല്ലാൻ ശ്രമിച്ചതിനും അടുത്ത കുറ്റപത്രം വെഞ്ഞാറമൂട് ഇൻസ്പെക്ടർ വൈകാതെ സമർപ്പിക്കും. അച്ഛന്‍റെ അമ്മയെ കൊലപ്പെടുത്തിയതിനുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.