
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നിലവിൽ അഫാനില്ല. ഇതിനിടെ അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുകയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രധാനമാണ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം.
വെഞ്ഞാറമൂട് കൊലക്കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. രണ്ട് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനിയൻ അഫ്സാനെയും സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ ഇയാളെ ആദ്യം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. അച്ഛൻെറ സഹോദരനെയും ഭാര്യയെയും ഉള്‍പ്പെടെ നാലു പേരെ കൊന്നതിനും അമ്മയെ കൊല്ലാൻ ശ്രമിച്ചതിനുമാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്.
അതേ സമയം, അഫാൻ മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാൻെറ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാൻെറ മൊഴി. അല്ലെങ്കിൽ നിഷ്ഠൂര കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam