തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അടൂർ പ്രകാശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം നടക്കുന്നത്. കൊലപാക കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു

പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോൺഗ്രസിന് ഉള്ളതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല  കെ സുധാകരന്‍റെ പ്രസ്താവന തള്ളി. വെഞ്ഞാറമൂട് കേസിൽ  അറസ്റ്റിലായവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് ഡി സി സിയാണ്. ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

തിരുവോണദിനം അർദ്ധരാത്രിയാണ് നാടിനെ നടുക്കി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടക്കുന്നത്. അർദ്ധരാത്രി . വെമ്പായത്തുനിന്നും തേമ്പാമൂട് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദും മിഥിലാരാജിനേയും ഷെഹിനേയും മൂന്ന് ബൈക്കുകളിലായെത്തിയ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ മിഥിലാരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാരകമായി വെട്ടേറ്റ ഹഖ് മുഹമ്മദിനെ ഗോകുലം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.