മായിൻ ഹാജിക്കെതിരെ സമസ്തയുടെ എട്ടംഗ സമിതി അന്വേഷണം നടത്തും; രൂക്ഷവിമർശനവുമായി ആലിക്കുട്ടി മുസ്ലീയാർ

By Web TeamFirst Published Jan 13, 2021, 4:42 PM IST
Highlights

മുസ്ലീം ലീഗ് നേതാക്കളായ  എം.സി.മായിൻ ഹാജിയും അബൂബക്കർ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളിൽ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുക

കോഴിക്കോട്: സമസ്ത - മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതൽ ശക്തിപ്പെടുന്നു. സമസ്തയെ നിയന്ത്രിക്കാനുള്ള മുസ്ലിം ലീഗ് നീക്കം വിവാദമായിരിക്കെ മുസ്ലീം ലീഗ് നേതാവ് എം.സി.മായിൻ ഹാജിക്കെതിരെ അന്വേഷണം നടത്താൻ സമസ്ത എട്ടംഗ സമിതിക്ക് രൂപം നൽകി. സമസ്ത കേരള ജംയത്തുൾ ഉലമയുടെ ഉന്നതാധികാര സമിതിയായ മുഷാവറയുടെ യോഗത്തിലാണ് മായിൻ ഹാജിക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്. 

മുസ്ലീം ലീഗ് നേതാക്കളായ  എം.സി.മായിൻ ഹാജിയും അബൂബക്കർ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളിൽ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുക. സമിതിയിൽ പാണക്കാട് ഹൈദരലി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ഉണ്ടാവും. ഇന്ന് നടന്ന യോഗത്തിൽ ഇരുവർക്കുമെതിരെ ആലിക്കുട്ടി മുസ്ലിയാർ കടുത്ത വിമർശനമാണ്  നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുശാവറ തീരുമാനിച്ചത്. 

സമസ്തയുടെ നിലപാട് സംഘടനയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണെന്നും മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ലെന്നും മാധ്യമങ്ങളെ കണ്ട സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ മുസ്ലീം ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ സഖ്യത്തിൽ മുസ്ലീം ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അതേസമയം സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല മുസ്ലീം ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്ത സമസ്തയുടെ ആളുകളേയും നിയന്ത്രിക്കും.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിന്  സമസ്ത നേതാക്കളെ മുസ്ലീം ലീഗ് വിലക്കിയിട്ടില്ല. ആര് വിളിക്കുന്ന യോഗമായാലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. മുസ്ലീം ലീഗിനോട് സമസ്തയ്ക്ക് എതിർപ്പില്ല എന്നാൽ എൽഡിഎഫ് സർക്കാറും സമസ്തക്ക് വേണ്ടി കാര്യങ്ങൾ  ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുശാവറയിൽ സമസ്ത പ്രസിഡൻ്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ,വൈസ് പ്രസി. പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാർ തുടങ്ങിയവർ പങ്കെടുത്തു. 

click me!