
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുക. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഡാലോചനയാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഉത്തരവ് പറയുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിതയും മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.