പെരിയ കൊലപാതകം; സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി

By Web TeamFirst Published Nov 16, 2019, 3:30 PM IST
Highlights

കേസ് ഏറ്റെടുത്തെന്നും കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ 

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി. സിപിഎമ്മുകാർ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെ‌ഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. കുറ്റപത്രം സമ‍ർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ നിക്ഷ്‍പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് അതേപോലെ തന്നെയുളള അന്വേഷണവും ഉറപ്പാക്കണമെന്ന്  വാദത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ കോടതി സർക്കാരിനോട് പറഞ്ഞിരുന്നു. 

കേസ് ഡയറി പോലും പരിശോധിക്കാതെ വിചാരണക്കോടതിയെപ്പോലെയാണ് സിബിഐ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു  സർക്കാരിന്‍റെ മറുപടി. ഇത് തെറ്റായ കീഴ്വഴക്കമാണെന്നും സർക്കാരിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ കുറ്റപത്രത്തിൽ പോരായമകളുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ മറുപടി. അതേസമയം കേസ് ഏറ്റെടുത്തെന്നും കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു. 
 

click me!