
തിരുവനന്തപുരം: ഡിവൈഎസ്‍പിമാരെ സിഐമാരായി തരംതാഴ്ത്തിയ നടപടിയില്‍ സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്‍റെ നടപടി ഹൈക്കോടതിയും റദ്ദാക്കി. തരംതാഴ്ത്തിയവര്‍ക്ക് അനുകൂലമായ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.
അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തരംതാഴ്ത്തിയത്. ഇതില്‍ ആറ് പേരാണ് നേരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്. ഡിവൈഎസ്പിമാരെ സിഐ മാരായി തരം താഴ്ത്തിയ സർക്കാർ നടപടി പുനപരിശോധിച്ച് തസ്തിക തിരിച്ച് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്‍റെ ഉത്തരവ്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
തുടര്‍ന്ന്, ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. . എന്നാൽ കേസിൽ അന്തിമ വാദം പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് ഡിവൈഎസ്‍പി തസ്തികയിൽ തുടരാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിരുന്നു.