6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Published : Jan 03, 2025, 06:22 AM ISTUpdated : Jan 03, 2025, 11:08 AM IST
6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Synopsis

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. 

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.

ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

പരമാവധി രണ്ടുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുളള അമ്മയെ നോക്കണമെന്നുമുളള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം
ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി