
കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉയർത്തുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ചർച്ച ആവശ്യമെങ്കിൽ കേരള കോൺഗ്രസ് അതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയോടും ചർച്ച നടത്തി. സർക്കാർ അനുഭാവ പൂർണ്ണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി വിവരിച്ചു. ഇത് ക്രൈസ്തവ സഭകളുടെ മാത്രം ആവശ്യമല്ല. എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ചുവർഷക്കാലം എടുത്താൽ നിരവധി അധ്യാപക നിയമനങ്ങൾ സംസ്ഥാനത്ത് നടന്നെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. മാനേജ്മെന്‍റുകൾക്ക് ഒപ്പമാണ് സർക്കാർ. സാമൂഹ്യമായി ഉയർന്നുവരുന്ന എല്ലാ വിഷയങ്ങളും സർക്കാർ പരിഹരിക്കും. ആവശ്യഘട്ടങ്ങളിലെല്ലാം കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്. സംവരണ വിഷയത്തിൽ ഒരു വിവാദത്തിന്റെ പിന്നാലെ പോകേണ്ട ആവശ്യമില്ല എന്നും ജോസ് കെ മാണി വിവരിച്ചു. ഇടത് മുന്നണിക്ക് ആവശ്യം വന്നാൽ ഈ വിഷയത്തിൽ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ കേരള കോൺഗ്രസ് എം ഉണ്ടാകുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിലാക്കുമെന്നും ആയിരത്തി നാനൂറോളം ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ നൽകുമെന്നും കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്. എക്സ്ചേഞ്ചിൽനിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ നിയമന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വിവരിച്ചു. കാറ്റഗറി ഒന്നുമുതൽ ഏഴുവരെ വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽനിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്‍റുകൾ എതിരാണെന്ന പ്രസ്താവന മന്ത്രി പിൻവലിക്കണം. ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അവരെ സർക്കാർ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോതമംഗലം രൂപതയും രംഗത്തെത്തിയിരുന്നു. ചില മാനേജ്മെന്‍റുകൾ ഭിന്നശേഷി സംവരണത്തിന് തടസം നിൽക്കുന്നുവെന്ന പ്രസ്താവന യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതാണെന്ന് രൂപത വിദ്യാഭ്യാസ ഏജൻസി പറഞ്ഞു.