
കല്‍പ്പറ്റ:സിദ്ധാർത്ഥന്‍റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. പ്രതികളെ ഹാജരാക്കിയപ്പോൾ വിവരം അന്വേഷിക്കാൻ പോയെന്ന് മുൻഎംഎൽഎ സി.കെ ശശീന്ദ്രൻ സമ്മതിച്ചെങ്കിലും ആരെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും പി.ഗഗാറിൻ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പി ഗഗാറിൻ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ പേരില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിൻ ആരോപിച്ചു.
ടി. സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം.കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാം. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം. ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്എസിന്‍റെ ചെരുപ്പുനക്കിയാണ്. ഗവര്‍ണര്‍ ആണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും പി ഗഗാറിൻ ആരോപിച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയപ്പോൾ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കൂടെയുണ്ടായിരുന്നുവെന്ന വാർത്തയ്ക്ക് സ്ഥിരീകരണമായി സി കെ ശശീന്ദ്രന്‍റെ പ്രതികരണവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പൂക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ന്യായീകരണവും വെല്ലുവിളിയുമായി പി ഗഗാറിൻ രംഗത്തെത്തിയത്. പ്രതികൾക്ക് ഒത്താശ ചെയ്തെന്ന ആരോപണം ശക്തമായതോടെ കോൺഗ്രസാണ് പ്രതികളെ ഒളിപ്പിച്ചതെന്ന വാദമാണ് ജില്ലാ സെക്രട്ടറി ഗഗാറിൻ ഉന്നയിക്കുന്നത്. സർവ്വകലാശാലയിലെ എസ്എഫ്ഐക്ക് സിപിഎമ്മുമായി നേരിട്ട് ബന്ധമില്ല എന്ന വാദവും സിപിഎം നേതാക്കൾ നിരത്തി. ജില്ലാ ഘടകത്തിന് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ പരസ്യ പിന്തുണ ലഭിച്ചിട്ടില്ല.