
വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ അന്വേഷണ ഉദ്യോഗസ്ഥന് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പത്ത് പേരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.
വയനാട് എസ്പിയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൽപ്പറ്റ ഡിവൈഎസ്പിയെ കൂടാതെ ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തും. പ്രത്യേക സംഘത്തിൻ്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി പുറത്തിറക്കും. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam