
വയനാട്: ആൾക്കൂട്ട വിചാരണ നേരിട്ട സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലിൽ സിസിടിവി അടക്കാം സ്ഥാപിച്ചു. വെറ്റിനറി കോളേജിലേക്ക് ഇടവേളകളില്ലാതെ പ്രതിഷേധമെത്തിയതോടെ മാർച്ച് നാലിനായിരുന്നു ക്യാമ്പസ് അടച്ചത്.
ക്ലാസുകൾ തുടങ്ങിയെങ്കിലും ക്യാമ്പസ് സാധാരണപോലെയാവാൻ സമയമെടുക്കും. ഹോസ്റ്റലിൽ കൂടുതൽ പരിഷ്കാരം കൊണ്ടുവന്നു. അഞ്ചിടത്ത് പുതിയ ക്യാമറകൾ വച്ചു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികൾക്ക് പോകാം. ഇത് നിയന്ത്രിക്കാൻ ആലോചനയുണ്ട്. ക്യാമ്പസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. സുരക്ഷ മുൻനിർത്തിയുള്ള ക്രമീകരണമാണ് നിയന്ത്രണം ആലോചിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും വന്യ മൃഗ ശല്യവുമുള്ള മേഖലയിലാണ് കോളേജ്. ഇത് കൂടി കണക്കിലെടുത്താകും തീരുമാനം. സമാന വിഷയം ചൂണ്ടിക്കാട്ടി, ഇടുക്കി കോലാഹല മേട്ടിലെ ക്യാമ്പസിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിയും ഇതേ കാര്യം നിർദേശിച്ചിരുന്നു.
കുന്നിൻ മുകളിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും പിജി വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 10വരെയും അനുവാദം നൽകാം എന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ നിര്‍ദേശം. ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam