പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കി; വെട്ടിത്തറ പള്ളി ഏറ്റെടുത്ത് പൊലീസ്

By Web TeamFirst Published Jan 14, 2020, 3:52 PM IST
Highlights

പത്ത് മണിക്കൂറായി പള്ളിക്ക് ഉള്ളിലിരുന്ന് പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയശേഷമാണ് പള്ളി ഏറ്റെടുത്തത്.

എറണാകുളം: സഭാതർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മാർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത് മണിക്കൂറായി പള്ളിക്ക് ഉള്ളിലിരുന്ന് പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയശേഷമാണ് പള്ളി ഏറ്റെടുത്തത്. പള്ളിയുടെ താക്കോൽ  ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് കൈമാറും. കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. മൂവാറ്റുപുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് എത്തിയത്. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനായി പൊലീസ് എത്തിയതോടെ യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിച്ച് പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടശേഷം ഇവരെ പൊലീസ് ഇടപെട്ടാണ് പള്ളിക്കുള്ളില്‍ നിന്നും നീക്കിയത്. 

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നേരത്തെ ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി, രാമമംഗലം എസ്എച്ച്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 
 

click me!