'വിദ്യക്ക് ഗവേഷണത്തിന് സീറ്റ് ലഭിച്ചത് വൈസ് ചാൻസലറുടെ ഇടപെടലിന് പിന്നാലെ'; ആരോപണവുമായി ദിനു വെയിൽ 

By Web TeamFirst Published Jun 8, 2023, 11:39 AM IST
Highlights

വിദ്യ കെ സീറ്റ് തരപ്പെടുത്തിയ രീതിയേക്കുറിച്ച്  പരാതി ഉയര്‍ത്തിയപ്പോള്‍ കാലടി സര്‍വ്വകലാശാല വെസ് ചാന്‍സലര്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ കുറ്റാരോപിതയായ വിദ്യ കെയ്ക്ക് ഗവേഷണത്തിന് സീറ്റ് തരപ്പെടുത്തുന്നതിനായി വെസ് ചാന്‍സലര്‍ ഇടപെട്ടതായി ആരോപണം. ദളിത് ആക്ടിവിസ്റ്റ് ദിനു വെയിലാണ് ഗുരുതര ആരോപണവുമായി വന്നിട്ടുള്ളത്. വിദ്യ കെ സീറ്റ് തരപ്പെടുത്തിയ രീതിയേക്കുറിച്ച്  പരാതി ഉയര്‍ത്തിയപ്പോള്‍ കാലടി സര്‍വ്വകലാശാല വെസ് ചാന്‍സലര്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. കാലടി സർവകലാശാലയിലെ എസ് സി / എസ് ടി സെല്ലിന് പരാതി നല്‍കിയപ്പോള്‍ പരാതിക്കാര്‍ സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വൈസ് ചാന്‍സലര്‍ ആരോപിച്ചതെന്നും ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സംവരണ തത്വം അട്ടിമറിച്ചായിരുന്നു വിദ്യയ്ക്ക് സീറ്റ്  നല്‍കിയതെന്നായിരുന്നു പരാതി. 

അതേസമയം വ്യാജ പ്രവൃത്തി പരിചയരേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് മലയാളം വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറിയിട്ടുണ്ട്. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചിട്ടുണ്ട്.

ദിനു വെയിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

വിദ്യയ്ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ് സി / എസ് ടീ സെല്ലിന് പരാതി നൽകിയത് അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എന്ന നിലയിൽ ഞാനും DSM കോ ഓർഡിനേറ്റർ അനൂരാജിയും ആയിരുന്നു. വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും  അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു ധർമരാജ് അടാട്ട് മാഷ് സെല്ലിൻ്റെ റിപ്പോർട്ട് തള്ളി കളഞ്ഞതും ഞങ്ങൾ പരാതികാരെ പൊതു വേദിയിൽ വെച്ച് അപമാനികും വിധം സംസാരിക്കുകയാണ് ചെയ്തത്. ഞങൾ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് . അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിൻ്റെ ഊർജത്തിൽ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാൻ സാധിക്കുന്നത്.

 2019-20 കാലഘട്ടത്തിൽ കാലടി സർവകലാശാലയിലെ മലയാള വിഭാഗം പി എച്ച് ഡീ  പ്രവേശനത്തിൽ 10 സീറ്റുകൾ ആയിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. റിസർച്ച് കമ്മിറ്റി 10 സീറ്റുകളിലേക്ക് ഗവേഷകരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ നോട്ടിഫെ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം 5 പേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശുപാർശ നൽകി. ഇത്തരത്തിൽ അഞ്ച് പേരെ പരിഗണിക്കുമ്പോൾ അവസാനത്തെ സീറ്റുകൾ SC/ST സംവരണ സീറ്റ് ആവേണ്ടതാണ്. എന്നാൽ സംവരണ മാനദണ്ഡം പാലിക്കാതെ വിദ്യയെ 15 ആമതായി കമ്മറ്റി ഉൾപെടുത്തി. ഒരു വിദ്യാർത്ഥിക്കും മാർക്ക് നൽകാതെയാണ് ഈ നടപടികൾ പൂർത്തിയായത് എന്നതിനാൽ സ്ഥാന പ്രകരമല്ല അവസാനത്തെ അഞ്ച് പേരെ ശുപാർശ ചെയ്തത് എന്ന യമണ്ടൻ വാദമാണ് കമ്മിറ്റി പറഞ്ഞത്.

10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് പേർക്ക് ജെ ആറ് എഫ് ഉള്ളതിനാൽ അവരെ സൂപ്പർ ന്യൂമററി ആയി കണക്കാക്കി കൊണ്ട് ഗവേഷണത്തിനു വിജ്ഞാപനം ഇറക്കി. JRF ഇല്ലാതിരുന്ന വിദ്യ മേൽപറഞ്ഞ റിസർച്ച് കമ്മറ്റിയുടെ രേഖ ആർടിഐ ആക്ട് പ്രകാരം 27.12.2019നു ആവശ്യപെടുന്നു. ഞാനും ഇതേ രേഖ 20.12.2019 ന് വിദ്യയ്ക്ക് മുൻപായി ആവശ്യപെടുന്നു. എന്നാൽ വൈസ് ചാൻസലറുടെ ഓഫീസിൽ നിന്നും പ്രത്യേകം സമ്മർദ്ദം ചെലുത്തി തൊട്ടു പിറ്റേന്ന് തന്നെ വിദ്യയ്ക്ക് രേഖ ലഭ്യമാകുന്നു. എനിക്ക് 20 ദിവസം കഴിഞ്ഞാണ് ഇതേ രേഖ ലഭിക്കുന്നത്. വൈസ് ചാൻസലറുടെ ഓഫീസ് ഉപയോഗിച്ച് അടിയന്തരമായി ലഭിച്ച രേഖ ഉപയോഗിച്ച് തന്നെ ഗവേഷണത്തിനു പരിഗണിക്കണം എന്ന് വിദ്യ സർവകലാശാലക്ക് നിവേദനം സമർപ്പിച്ചു. തുടർന്ന് ഈ നിവേദനം പരിഗണിക്കാൻ ആവശ്യപെട്ടു ഹൈ കോടതിയിൽ ഹർജി സമർപ്പിക്കുന്നൂ. സ്വാഭാവിക നടപടി ക്രമം എന്ന രീതിയിൽ കോടതി വിദ്യ സമർപിച്ച നിവേദനം നിയമാനുസൃതമായി പരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ സർവകലാശാലക്ക് നിർദ്ദേശം നൽകുന്നു. 

ഈ അവസരം കൃത്യമായി ഉപയോഗിച്ച് വിദ്യയ്ക്ക് വൈസ് ചാൻസലർ കോടതി നിർദ്ദേശ പ്രകാരം എന്ന നിലയിൽ  സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് സീറ്റ് നൽകുന്നു . തുടർന്ന് സർവകലാശാലയുടെ എസ് സി /എസ് ടീ സെൽ മുൻപാകെ ഞാനും പരാതി സമർപ്പിക്കുകയും സെൽ തെളിവെടുപ്പ് നടത്തി സംവരണ തത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പ്രസ്തുത റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി കളഞ്ഞു.വർഷ എന്ന ദളിത് വിദ്യാർഥിനിയ്‌ക് നിയമ സഹായം നൽകി ഹൈ കോടതിയെ സമീപിച്ചെങ്കിലും സർവകലാശാല അനുകൂല നിലപാട് സ്വീകരിച്ചില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഞങൾ സമരം ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. വിദ്യാർത്ഥി രാഷ്ട്രീയം എന്നത് വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദ്യ ഓർക്കേണ്ടതുണ്ട്.  തങ്ങൾക്ക് ലഭിക്കുന്ന അധികാര സ്ഥാനങ്ങൾ സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വഴി നമ്മുടെ അക്കാദമിക് സമൂഹത്തിൻ്റെ നേരും നെറിയും ആണ് ഇല്ലാതെ ആവുന്നത്. സ്വജന പക്ഷപാതം കാണിക്കാൻ ഉള്ള ഇടമല്ല സർവകലാശാലകൾ. എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവകാശം ഉള്ള ഇടങ്ങളായി തന്നെ സർവകലാശാലകൾ നിലനിൽക്കണം.

വ്യാജ രേഖ: വിദ്യ കരിന്തളം കോളേജിൽ ഹാജരാക്കിയ രേഖകളും പൊലീസ് പരിശോധിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!