ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

By Web TeamFirst Published Jul 19, 2022, 12:32 PM IST
Highlights

രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരത് പവാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്

ദില്ലി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരത് പവാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കർ ഇന്നലെ നാമനിർദേശ പത്രിക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്. ബിജു ജനതാദൾ, അണ്ണാഡിഎംകെ പാർട്ടികളുടെ പ്രതിനിധികളും ജഗ്ദീപ് ധൻകറിനൊപ്പം പങ്കെടുത്തു. ബിജു ജനതാദൾ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 19 വരെയാണ് നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543  അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക.

രാഷ്ട്രപതിയെ ചൊവ്വാഴ്ച അറിയാം

പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഇന്നലെ പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്.വോട്ടെടുപ്പ് ഇന്നലെ രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

click me!