കവളപ്പാറയിലും പുത്തുമലയിലും പുനരധിവാസം പാതിവഴിയിൽ; വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണം പൂർത്തിയായില്ല

By Web TeamFirst Published Jun 8, 2021, 2:28 PM IST
Highlights

ആദിവാസികളടക്കം നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ദുരിതാവസ്ഥ അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഉറപ്പ്. 

മലപ്പുറം: പ്രളയം സമാനതകളില്ലാത്ത ദുരന്തം വിതച്ചുപോയ പുത്തുമലയിലും കവളപ്പാറയിലും ശേഷിച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർത്തിയായിട്ടില്ല. കവളപ്പാറ ദുരന്തത്തില്‍ രക്ഷപെട്ട ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത് പോത്ത്കല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ്. പുത്തുമലയിലും പുനരധിവാസം എങ്ങുമെത്തിയില്ല. വാഗ്ദാനം ചെയ്ത വീടുകള്‍ പണി പൂര്‍ത്തിയാക്കി എന്ന് കിട്ടുമെന്നും ഈ കുടുംബങ്ങള്‍ക്കറിയില്ല.

ഭീതിയോടെ കവളപ്പാറയില്‍ നിന്ന് കയ്യില്‍ കിട്ടിയതും എടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയെത്തിയവരില്‍ 32 പേരൊഴികെ ബാക്കിയെല്ലാവരും ബന്ധുവീടുകളിലേക്കും മറ്റും മാറിപ്പോയി.എവിടേക്കും പോകാനില്ലാത്ത ശാന്തയെപ്പോലുള്ളവര്‍ ഇപ്പോഴും വീടെന്ന വലിയ സ്വപ്നവുമായി ക്യാമ്പില്‍ തന്നെ കഴിയുകയാണ്. ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളും കാലതാമസത്തിന് കാരണമായി.

സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ മറ്റ് വിഭാഗങ്ങളിലുള്ളവര്‍ താമസം തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഈ ഗതികേട്. 

രണ്ടുവര്‍ഷം മുമ്പ് നടന്ന ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ച പുത്തുമലയിലും പുനരധിവാസം എങ്ങുമെത്തിയില്ല. ഇത്തവണത്തെ മഴയിലും പെരുവഴിയിലാകുമോയെന്ന പേടിയില്‍ കഴിയുകയാണ് 56 കുടുംബങ്ങള്‍. കൂലിവേല ചെയ്ത് ജീവിതം തള്ളി നീക്കുന്ന പലര്‍ക്കും വാടക പോലും കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഇവര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ വിവിധ സന്നദ്ധ സംഘടനകള്‍ പുത്തക്കോല്ലിയില്‍ വീട് പണിയുന്നുണ്ട്. ഒച്ചിഴയുന്ന വേഗത്തിലാണ് നിര്‍മ്മാണ പ്രവർത്തികള്‍. ചില വീടുകള്‍ തറനിരപ്പിലുയര്‍ന്നിട്ടുപോലുമില്ല

പുത്തുമലയിലെ അതേ സ്ഥിതിയാണ് കുറിച്യാര്‍മലയിലടക്കം മറ്റ് ദുരന്തബാധിത പ്രദേശങ്ങളിലും. ഇത്തവണയും മഴ കടുത്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ഇവിടങ്ങളില്‍ മുന്നറിയിപ്പു നൽകി കഴിഞ്ഞു. 

'പ്രളയപാഠം പഠിച്ചോ' ഏഷ്യാനെറ് ന്യൂസ്‌ പരമ്പര പി കെ കുഞ്ഞാലികുട്ടി ഇന്ന് നിയമസഭയിൽ ഉന്നയിച്ചു. പൂത്തുമല, കവളപ്പാറ ഉരുൾ പൊട്ടലുകൾക്ക് ഇരയായ കുട്ടികൾ ഇപ്പോഴും ക്യാമ്പിൽ തന്നെ കഴിയുന്നു എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കുഞ്ഞാലികുട്ടി ചൂണ്ടിക്കാട്ടി. ക്യാമ്പിൽ ദുരിതാവസ്ഥ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കും എന്ന്  മന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ ഉറപ്പ് നൽകി.

click me!