
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതെന്ന് കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam