ഇനി തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകേണ്ട; വരുന്നൂ പുതിയ സംവിധാനം

By Web TeamFirst Published Sep 1, 2019, 5:34 PM IST
Highlights

ജയിലുകളിൽ നിന്ന് വിചാരണ തടവുകാർ, റിമാൻഡ് തടവുകാർ എന്നിവരെ കോടതികളിലേക്ക് പൊലീസ് കാവലിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവൻ ജയിലുകളെയും കോടതികളെയും വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിക്കുന്ന സംവിധാനം അടുത്ത മാസം നിലവിൽ വരും. ഇതോടെ തടവുകാരെ കോടതികളിലേക്ക് പൊലീസ് കാവലിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാനാകും. സെൻട്രൽ ജയിലുകളിൽ ആധുനിക നിരീക്ഷണ സംവിധാനം സ്ഥാപിക്കാനും ജയിൽവകുപ്പ് നടപടികൾ തുടങ്ങി.

ജയിലുകളിൽ നിന്ന് വിചാരണ തടവുകാർ, റിമാൻഡ് തടവുകാർ എന്നിവരെ കോടതികളിലേക്ക് പൊലീസ് കാവലിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സംവിധാനത്തിലൂടെ വീഡിയോ കോൺഫറൺസിങ് വഴി  കോടതി നടപടികൾ പൂർത്തിയാക്കാനാകുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്  പറഞ്ഞു.

തടവുകാരെ കോടതികളിൽ കൊണ്ടുപോകുന്നതിനായി ദിവസേന 2500 ലധികം പൊലീസുകാരെയാണ് നിയോഗിക്കുന്നത്. വീഡിയോ കോൺഫറൺസിങ് സജ്ജമായാൽ ഇത് ഒഴിവാക്കാനാകും. തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വ്യാപകമായി പിടികൂടിയ സാഹചര്യത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ജയിലുകളിൽ സ്ഥാപിക്കും. മൂന്ന് സെൻട്രൽ ജയിലുകൾ ഉൾപ്പെടെ അഞ്ചിടത്ത് മെറ്റൽ ഡിക്ടറ്ററുകളും നിരീക്ഷണസംവിധാനവും എന്നിവ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

click me!