ചുരുളഴിയാത്ത ദുരൂഹത; തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് 11 വര്‍ഷം

Published : Oct 21, 2022, 08:03 AM ISTUpdated : Nov 29, 2022, 03:56 PM IST
ചുരുളഴിയാത്ത ദുരൂഹത; തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് 11 വര്‍ഷം

Synopsis

''അണ്ണന്‍ ഒരിക്കലും എന്നെ നേരെ നോക്കില്ല. അണ്ണന് ഭാര്യ, മക്കള്‍ എന്ന ചിന്ത മാത്രമേ ഉള്ളൂ. എന്നെയും വാവച്ചിയെയും കുറിച്ച് ചിന്തിക്കുന്നില്ല. എന്നിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ മനു അണ്ണനാണ് കാരണം.'' വിദ്യയുടെ നോട്ടുബുക്കിലെ വരികള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയേയും കുഞ്ഞിനേയും കാണാതായി 11 വര്‍ഷമായിട്ടും ചുരുളഴിയാത്ത ദുരൂഹത. പങ്കാളിയും പൂവാര്‍ സ്വദേശിയുമായ മാഹിൻകണ്ണിനൊപ്പം വീട്ടിൽ നിന്ന് പോയ അന്ന് മുതൽ 22 കാരി വിദ്യയേയും മകൾ ഗൗരിയേയും പിന്നെ കണ്ടിട്ടില്ല. മാഹീൻകണ്ണിനെതിരായ തെളിവുകളെല്ലാം നൽകിയിട്ടും മകളെ കണ്ടെത്താൻ പൊലീസ് സഹായിച്ചില്ലെന്ന് മാത്രമല്ല കേസ് അട്ടിമറിക്കുകയും ചെയ്തെന്നാണ് വിദ്യയുടെ അമ്മയുടെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം... 'ആ അമ്മയും കുഞ്ഞുമെവിടെ'....

വിദ്യയുടെ അമ്മയുടെ കരച്ചിൽ തുടങ്ങിയിട്ട് 11 വർഷമായി. മകളും കൊച്ചുമകളും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. എന്നാല്‍, മകളുടെ തിരോധാനത്തിന് പിന്നില്‍ പങ്കാളി മാഹീൻ കണ്ണിന് പങ്കുണ്ടെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു. ''അണ്ണന്‍ ഒരിക്കലും എന്നെ നേരെ നോക്കില്ല. അണ്ണന് ഭാര്യ, മക്കള്‍ എന്ന ചിന്ത മാത്രമേ ഉള്ളൂ. എന്നെയും വാവച്ചിയെയും കുറിച്ച് ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ മനു അണ്ണനാണ് കാരണം.''- നോട്ടുബുക്കിൽ വിദ്യ എഴുതിയ ഈ വാക്കുകൾ രാധയുടെ സംശയം ബലപ്പെടുത്തുന്നു. 

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രൻ്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. 

വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയാണ്.

വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രൻ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിച്ചു. വിദ്യയെയും ഗൗരിയെയും കൊണ്ടുപോയ പങ്കാളി തിരിച്ചെത്തിയിട്ടും വിദ്യയും ഗൗരി മോളും എവിടെയാണ് എന്ന ചോദ്യമാണ് ബാക്കി. ഇവരെ കൊണ്ട് പോയ പങ്കാളി മാഹിന്‍ കണ്ണിനെക്കുറിച്ച് എന്ത് കൊണ്ട് പൊലീസ് കൂടുതൽ അന്വേഷിക്കുന്നില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി