
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം വീഴ്ച വരുത്തുന്നതായി കണ്ടെത്തി. വിജിലൻസാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിലെ ക്രമക്കേട് കണ്ടെത്താൻ, വിജിലൻസ്, 'ഓപ്പറേഷൻ ഗുണവക്ത്' എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഡ്രഗ്സ് ഇൻസ്പെക്ടർമാർ പ്രതിമാസം 13 സാംപിളുകളെങ്കിലും കുറഞ്ഞത് ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായാണ് മരുന്ന് ശേഖരിക്കേണ്ടത്. എന്നാൽ ഇതിനു പകരം ഒരൊറ്റ മെഡിക്കൽ ഷോപ്പിൽ നിന്നുമാത്രം 13 സാംപിളുകൾ ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഇത് കൂടാതെ, ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മൂന്ന് മരുന്നുകൾ നിർമിച്ച കമ്പനികൾക്കെതിരെ നടപടി എടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായും വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam