കെഎസ്ഇബി മുൻ ചെയർമാൻ നാരായണനെതിരായ കേസ് പിൻവലിക്കാനുള്ള നീക്കം വിജിലൻസ് കോടതി തള്ളി, വിചാരണ തുടരാൻ നിർദ്ദേശം; സർക്കാരിന് രൂക്ഷ വിമർശനം

Published : Sep 26, 2026, 10:04 PM IST
kseb

Synopsis

കെഎസ്ഇബി മുൻ ചെയർമാൻ നാരായണനെതിരായ അഴിമതിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം വിജിലൻസ് കോടതി തള്ളി. പ്രതിയെ കുറ്റവിമുക്തനാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രൂക്ഷമായി വിമർശിച്ച കോടതി, കേസിന്റെ വിചാരണ തുടരാൻ നിർദ്ദേശിച്ചു

തിരുവനന്തപുരം: കെ എസ് ഇ ബി മുൻ ചെയർമാൻ നാരായണനെതിരായ അഴിമതിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന പ്രതിയെ കുറ്റവിമുക്തനാക്കാൻ സംസ്ഥാനവും പ്രോസിക്യൂഷനും ശ്രമിക്കുന്നുവെന്ന രൂക്ഷമായ നിരീക്ഷണങ്ങളോടെയാണ് കോടതി പ്രോസിക്യൂഷൻ പിൻവലിക്കാനുള്ള ഹർജി കോടതി തള്ളിയത്. സർക്കാർ ഉത്തരവിലും പിൻവലിക്കൽ ഹർജിയിലും ഉപയോഗിച്ച ഭാഷ പരിശോധിക്കുമ്പോൾ, ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ഒന്നാം പ്രതിയെ ഏത് വിധേനയും കുറ്റവിമുക്തനാക്കണമെന്ന നിലപാടാണ് സംസ്ഥാനവും പ്രോസിക്യൂഷനും സ്വീകരിച്ചതെന്ന് വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടരാൻ വിജിലൻസിന് കോടതി നിർദേശവും നൽകി. കർണാടക സർക്കാർ നടപ്പാക്കിയ യെലഹങ്ക പദ്ധതിയുടെ മാതൃകയിൽ ഡീസൽ ജനറേറ്റർ സെറ്റുകൾ വാങ്ങാനെന്ന പേരിൽ കെ എസ് ഇ ബി നടത്തിയ ഇടപാടുകളാണ് കേസിന് ആധാരം. ജനറേറ്റർ സെറ്റുകൾ വിതരണം ചെയ്ത ഫ്രഞ്ച് കമ്പനിക്ക് അനുകൂലമായതും കെ എസ് ഇ ബിക്ക് ദോഷകരമായതുമായ വ്യവസ്ഥകൾ ചർച്ചകളിലൂടെ കരാറിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

വിശദവിവരങ്ങൾ

കരാർ രേഖകളും കമ്പനി വാഗ്ദാനം ചെയ്ത വിലയുടെ വിശദാംശങ്ങളും ബോർഡിന് മുന്നിൽ ഹാജരാക്കാതെ ധാരണാപത്രത്തിന്റെ മുൻപേജ് മാത്രം സമർപ്പിച്ചാണ് അന്നത്തെ ചെയർമാൻ വിഷയം കെ എസ് ഇ ബി ബോർഡ് യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയതെന്നും ആരോപണമുണ്ട്. 1993 നവംബർ 27 ലെ യെലഹങ്ക പദ്ധതിയുടെ അതേ മാതൃകയിലുള്ള നിർദേശമാണിതെന്നായിരുന്നു ബോർഡിന് നൽകിയ വിശദീകരണം.

പിന്നീട് അന്നത്തെ വൈദ്യുതി മന്ത്രിയും ഗൂഢാലോചനയിൽ പങ്കുചേർന്നെന്നും ടെൻഡർ നടപടികളില്ലാതെ കരാർ അനുവദിച്ചെന്നും കേസിൽ ആരോപിക്കുന്നു. യെലഹങ്ക പദ്ധതിയുടെ മാതൃകയാണെന്ന് അവകാശപ്പെട്ടെങ്കിലും വില വർധനയ്ക്ക് വഴിയൊരുക്കുന്ന വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് VC 04/1999/SCE എന്ന നമ്പറിൽ 1999 ഓഗസ്റ്റ് 17 ന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി തൃശൂർ എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലം തിരുവനന്തപുരം ആണെന്ന പ്രതികളുടെ വാദത്തെ തുടർന്ന് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്ക് മാറ്റി. 2015 ഏപ്രിൽ 23 ന് കേസ് രേഖകൾ തിരുവനന്തപുരം കോടതിയിൽ ലഭിച്ചു. തുടർന്ന് അഞ്ചാം പ്രതി സി വി പത്മരാജൻ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ തുടർനടപടികൾക്ക് സ്റ്റേ നേടുകയും ചെയ്തു. ദീർഘകാലം തുടർന്ന നിയമനടപടികൾക്കൊടുവിൽ 2026 മാർച്ച് 13 ന് സ്റ്റേയും പ്രതികളെ വിടുതൽ ചെയ്യണമെന്ന ഹർജിയും തള്ളിയ ഹൈക്കോടതി, വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാനും നിർദേശിച്ചു.

ഇതിനിടെയാണ് ഒന്നാം പ്രതി സർക്കാരിനെ സമീപിച്ച് തനിക്കെതിരായ പ്രോസിക്യൂഷൻ പിൻവലിക്കുന്നതിനുള്ള അനുമതി നേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച പ്രോസിക്യൂഷൻ പിൻവലിക്കൽ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇപ്പോൾ തള്ളിയത്. സർക്കാർ ഉത്തരവിലെയും പ്രോസിക്യൂട്ടർ സമർപ്പിച്ച പിൻവലിക്കൽ ഹർജിയിലെയും പരാമർശങ്ങളെ കോടതി ശക്തമായി വിമർശിച്ചു. വിജിലൻസ് കോടതിയും ഹൈക്കോടതിയും പ്രതിയുടെ വിടുതൽ ഹർജി തള്ളിയതിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലാണ് സർക്കാർ ഉത്തരവിലെ പരാമർശങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവിലും പിൻവലിക്കൽ ഹർജിയിലും ഉപയോഗിച്ച ഭാഷ പരിശോധിക്കുമ്പോൾ, ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ഒന്നാം പ്രതിയെ ഏതു വിധേനയും കുറ്റവിമുക്തനാക്കണമെന്ന നിലപാടാണ് സംസ്ഥാനവും പ്രോസിക്യൂഷനും സ്വീകരിച്ചതെന്ന് വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. അതിനായി വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പോലും ഹർജിയിൽ ഉന്നയിച്ചതായും കോടതി കുറ്റപ്പെടുത്തി.

'സമൂഹം ഒന്നാകെ അഴിമതിക്കെതിരെ പോരാടുമ്പോൾ, അഴിമതി ആരോപണം നേരിടുന്ന പ്രതിക്കുവേണ്ടി സംസ്ഥാനവും പ്രോസിക്യൂഷനും വസ്തുതാവിരുദ്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോരാടുന്ന സ്ഥിതിയാണ് ഇവിടെ കാണുന്നത്. അതും പ്രതിക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ പ്രഥമദൃഷ്ട്യാ മതിയായ വസ്തുതകളുണ്ടെന്ന് ഭരണഘടനാ കോടതി കണ്ടെത്തിയതിന് ശേഷമാണ്' - എന്ന ഗൗരവമായ നിരീക്ഷണവും വിജിലൻസ് കോടതി നടത്തി. വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും മേൽനോട്ട അധികാരിയാണ് സംസ്ഥാന സർക്കാർ എന്ന മട്ടിലാണ് സർക്കാർ നടപടികളെന്നും കോടതി വിമർശിച്ചു. പ്രോസിക്യൂഷൻ പിൻവലിക്കാനുള്ള ഹർജി തള്ളിയ കോടതി, ഹൈക്കോടതി നേരത്തെ നൽകിയ നിർദേശപ്രകാരം കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടരാൻ വിജിലൻസിന് നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞ് അപമാനിച്ചു, സീറോ ടിക്കറ്റിന് പണം ചോദിച്ചു'; പ്രിയദർശിനിയിലെ കണ്ടക്ടർക്കെതിരെ പരാതി
അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; കണ്ണൂരിൽ വില്ലേജ് ഓഫീസറെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറി