
കണ്ണൂർ: അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. രാത്രി യുവതിയുടെ വീട്ടിലെത്തിയ 47കാരനെ ബന്ധുക്കൾ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിയുടെ വീട് തേടി എത്തിയ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി 7 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വർഷം മുൻപ് മരിച്ച അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റിന് വേണ്ടിയാണ് യുവതി ഏതാനും ദിവസം മുൻപ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്.
നമ്പർ വാങ്ങിയ ജിജു സ്കറിയ ഇന്നലെ രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്ആപ്പ് മെസേജുകൾ അയച്ച് തുടങ്ങി. യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്. വീടിന്‍റെ ലൊക്കേഷനും അയച്ച് കൊടുത്തു. ഇത് അനുസരിച്ചാണ് രാത്രി 11 മണിയോടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam