തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണ്ണായക നീക്കവുമായി വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താനാണ് വിജിലന്‍സിന്‍റെ പദ്ധതി. ഇതിനായി സര്‍ക്കാരിന്‍റെ അനുമതി വിജിലന്‍സ് തേടി. മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാനാണ് വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയത്. ഇതുവരെ നടന്നത് പൊതുവായ അന്വേഷണമെന്നും വിജിലന്‍സ് പറഞ്ഞു.
കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ്.
പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരത്തില്‍ വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പക്ക് ഈടാക്കിയിരന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്‍പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്‍റെ 2014 ലെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടാണ് വായ്പ അനുവദിച്ച് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് മുവാറ്റുപുഴ സബ് ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോഴും സൂരജ് ഇതേ മൊഴി നല്കിയതായി വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തില്‍പറയുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മന്ത്രിയുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam