
തിരുവനന്തപുരം: ട്രാപ്പ് കേസുകളിൽ ഹാട്രിക് അടിച്ച് വിജിലൻസ്. ഭൂമി തരം മാറ്റുന്നതിനായി കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കെ.ആർ നെ ഇന്ന് കൈയ്യോടെ പിടികൂടിയതോടെയാണ് ട്രാപ്പ് കേസുകളിൽ വിജിലൻസിന് ഹാട്രിക്ക് നേട്ടത്തിലെത്തിയത്. പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി നൽകിയ അപേക്ഷയിൽ കരംതീർപ്പാക്കി നൽകുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യു.എം നെ 28 നും കുന്നത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീ. ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെ 26 ന് വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നു.
കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പരാതിക്കാരൻ തന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ വസ്തു തരം മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വസ്തുവിന്റെ 2017 മുതലുള്ള നികുതി ഒടുക്കുന്നതിനായി പരാതിക്കാരൻ ഒളവണ്ണ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. എന്നാൽ വസ്തു ലോൺ ആവശ്യത്തിന് ഈട് വച്ചിട്ടുള്ളതിനാൽ നികുതി സ്വീകരിക്കുന്നതിന് ചില തടസങ്ങൾ ഉണ്ടെന്ന് വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ കെ.ആർ പരാതിക്കാരനോട് പറയുകയും, തടസങ്ങൾ പരിഹരിച്ച് നികുതി സ്വീകരിക്കുന്നതിന് സെന്റ് ഒന്നിന് 10,000 രൂപ നിരക്കിൽ ആകെ 16,20,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കൈക്കൂലി തുകയായി എട്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നും, ആദ്യ ഗഡുവായി അമ്പതിനായിരം രൂപ നൽകണമെന്നും നേരിട്ട് വിളിച്ച് വരുത്തി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയുമായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ (29.11.2025) വൈകുന്നേരം 05.15 മണിക്ക് കോഴിക്കോട് വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാട്ടേസിന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറും, എറണാകുളം കോതമംഗലം സ്വദേശിയുമായ ഉല്ലാസ് മോൻ കെ.ആർ നെ വിജിലൻസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഈ വർഷം നാളിതുവരെ 52 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 70 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 19 കേസുകളുള്ള റവന്യു വകുപ്പും, 10 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും 6 കേസുകൾ ഉള്ള പൊലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 11 കേസുകളുമാണ് 2025 ൽ വിജിലൻസ് പിടിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥർ കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ വിശദമായ ഒരു പട്ടിക വിജിലൻസ് തയ്യാറാക്കിയിട്ടുണ്ടെന്നും, വിജിലൻസിന്റെ നിരന്തര നിരിക്ഷണത്തിലാണെന്നും, കൈക്കൂലിക്കാരെ കൈയ്യോടെ പിടികൂടുന്നതിൽ സി ഒ ബി യു കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് വിജിലൻസിന്റെ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.